ലക്നൗ: സൈനികരെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കു ലക്നൗ കോടതി ജാമ്യം അനുവദിച്ചു. 2022ൽ ഭാരത് ജോഡോ യാത്രയ്ക്കിടെ സൈനികരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചെന്ന കേസാണിത്. അഭിഭാഷകർക്കൊപ്പം കോടതിയിൽ നേരിട്ടു ഹാജരായി രാഹുൽ ജാമ്യമെടുക്കുകയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ റിട്ട. ഉദ്യോഗസ്ഥനായ ശങ്കർ ശ്രീവാസ്തവയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. 2022ൽ ഇന്ത്യയും ചൈനയും തമ്മിൽ അരുണാചൽപ്രദേശ് അതിർത്തിയിലുണ്ടായ സൈനിക സംഘർഷത്തെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്. ഇതു സൈനികരെ അപമാനിക്കുന്നതാണെന്ന് ശങ്കർ ശ്രീവാസ്തവ ആരോപിക്കുകയായിരുന്നു.
