ബംഗ്‌ളൂരു: പ്രശസ്ത നടി ബി. സരോജാദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ബംഗ്‌ളൂരു, മല്ലേശ്വരത്തുള്ള വസതിയിലായിരുന്നു അന്ത്യം.
കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ചു ഭാഷകളിലായി 160ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മഹാകവി കാളിദാസ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് കിറ്റൂര്‍ ചെന്നമ്മ, അന്നതമ്മ, ഭക്തകനകദാസ്, ബാലെ ബംഗാര, നാഗകന്നികെ, ബേട്ടഡഹൂവു, കസ്തൂരി നിവാസ തുടങ്ങി നിരവധി കന്നഡ ക്ലാസിക്കല്‍ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് 1969ല്‍ പത്മശ്രീയും 1992ല്‍ പത്മഭൂഷണും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി. ബംഗ്‌ളൂരു സര്‍വ്വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ ‘കലൈമാണി’ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
