മംഗ്‌ളൂരു: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കാനുള്ള ശ്രമം നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് ലാത്തി വീശി കീഴ്‌പ്പെടുത്തി. ഡാനിഷ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ജൂലായ് എട്ടിനു മല്‍പ്പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് എട്ടുവയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഡാനിഷ്, ഷമി, മോഷി എന്നിവര്‍ ഒരു സ്ത്രീയുടെ സഹായത്തോടെ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. മുഖ്യപ്രതിയായ ഡാനിഷിനെയും മറ്റു രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്ത് ഞായറാഴ്ച കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പൊലീസിനു നേരെ കല്ലെറിഞ്ഞ് മുഖ്യപ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതോടെ പൊലീസ് ലാത്തി എറിഞ്ഞ് വീഴ്ത്തി ഡാനിഷിനെ കീഴടക്കുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരനും പ്രതിയും ആശുപത്രിയില്‍ ചികിത്സയിലാണ്.
