ഫെന്റനൈല്‍ കലര്‍ത്തിയ ചോക്ലേറ്റ് നല്‍കി മുന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമം: ടെക്‌സസില്‍ യുവതി അറസ്റ്റില്‍

-പി പി ചെറിയാന്‍

പാര്‍ക്കര്‍ കൗണ്ടി, ടെക്‌സസ്: ഫെന്റനൈല്‍ കലര്‍ത്തിയ ചോക്ലേറ്റ് നല്‍കി മുന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ 63 കാരിയായ ടെക്‌സസ് യുവതിക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. പമേല ജീന്‍ സ്റ്റാന്‍ലി എന്ന യുവതിയെ വ്യാഴാഴ്ച പാര്‍ക്കര്‍ കൗണ്ടിയില്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു.
ചോക്ലേറ്റ് പെട്ടിയില്‍ ഫെന്റനൈല്‍ കുത്തിവെച്ച് മുന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് സ്റ്റാന്‍ലി ഒരു പരിചയക്കാരനോട് പറയുന്നത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. മറ്റൊരു സ്ത്രീയുമായി അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ തന്റെ മുന്‍ ഭര്‍ത്താവിന് ഈ മയക്കുമരുന്ന് ചേര്‍ത്ത മിഠായി അയയ്ക്കാനായിരുന്നു സ്റ്റാന്‍ലിയുടെ പദ്ധതി.
ചോക്ലേറ്റുകള്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നുള്ള അഭിനന്ദന സമ്മാനമാണെന്ന് തോന്നിപ്പിക്കാന്‍ സ്റ്റാന്‍ലി ഉദ്ദേശിച്ചിരുന്നു. ഹണിമൂണ്‍ പ്രോത്സാഹന ഓഫറുമായി അവ അയയ്ക്കാനായിരുന്നു പദ്ധതി.
സ്റ്റാന്‍ലിയുടെ ഈ പദ്ധതിയെക്കുറിച്ച് ഷെരീഫ് ഓഫീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഒരു സ്റ്റിംഗ് ഓപ്പറേഷന്‍ ആരംഭിച്ചു. ഫെന്റനൈല്‍ വാങ്ങുന്നതിനായി 63 വയസ്സുകാരിയായ സ്റ്റാന്‍ലി കോള്‍മാന്‍ കൗണ്ടിയില്‍ നിന്ന് ഏകദേശം 100 മൈല്‍ വടക്കുകിഴക്കായി പാര്‍ക്കര്‍ കൗണ്ടിയിലേക്ക് വാഹനമോടിച്ച് എത്തി. മെയ് 30ന് ഒരു മോ സബര്‍ബന്‍ മോട്ടല്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് ഫെന്റനൈല്‍ വില്‍പ്പനക്കാരായി വേഷമിട്ട രഹസ്യ അന്വേഷകരെ അവര്‍ കണ്ടുമുട്ടി. മയക്കുമരുന്ന് വാങ്ങിയ ഉടന്‍ തന്നെ സ്റ്റാന്‍ലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് ചെയ്യുമ്പോള്‍ സ്റ്റാന്‍ലിയുടെ കൈവശം മെത്താംഫെറ്റാമൈനും കണ്ടെത്തിയതായി പ്രസ്താവനയില്‍ പറയുന്നു. ഇവരെ പാര്‍ക്കര്‍ കൗണ്ടി ജയിലിലേക്ക് മാറ്റി.
വ്യാഴാഴ്ച, കൊലപാതക ശ്രമം, കൊലപാതക ശ്രമത്തിനുള്ള ക്രിമിനല്‍ പ്രേരണ, നിയന്ത്രിത വസ്തു കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ സ്റ്റാന്‍ലിക്കെതിരെ ചുമത്തി. ജയില്‍ രേഖകള്‍ പ്രകാരം 550,000 ഡോളര്‍ ബോണ്ടിലാണ് ഇവര്‍ തടവില്‍ കഴിയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page