തിരുവനന്തപുരം: സെൻസർ ബോർഡ് അനുമതി ലഭിച്ചതിനു പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 17ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. സുരേഷ് ഗോപിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. നേരത്തേ സിനിമയുടെ പേരിലെ ജാനകിയെന്നതു ജാനകി വി ആക്കുകയും കോടതി മുറിയിലെ 8 രംഗങ്ങളിൽ മാറ്റങ്ങളും വരുത്തിയതോടെയാണ് സെൻസർ ബോർഡ് ചിത്രത്തിനു പ്രദർശനാനുമതി നൽകിയത്. ജൂൺ 27ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. ജാനകിയെന്ന പേര് ഉപയോഗിച്ചത് മതവികാരത്തെ വ്രണപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്ന് സെൻസർബോർഡും അണിയറപ്രവർത്തകരും ഹൈക്കോടതിയിൽ ഏറ്റുമുട്ടിയിരുന്നു. ഒടുവിൽ റിലീസ് കാലതാമസം ഒഴിവാക്കാൻ അണിയറപ്രവർത്തകർ മാറ്റങ്ങൾ വരുത്താൻ സമ്മതിക്കുകയായിരുന്നു. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിഭാഷകനായ ഡേവിഡ് ആബേൽ ഡോണോവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുക. ‘ജാനകി വി’ എന്ന കഥാപാത്രമായി അനുപമ പരമേശ്വരനുമെത്തും. സുരേഷ് ഗോപിയും മകൻ മാധവ് സുരേഷും ആദ്യമായി ഒരുമിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി അഭിഭാഷകനായെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
