ബംഗളൂരു: കര്‍ണാടകയിലെ ഗോകര്‍ണയിലെ രാമതീര്‍ത്ഥ കുന്നിന്‍ മുകളിലുള്ള അപകടകരമായ ഗുഹയില്‍ ഒരു റഷ്യന്‍ സ്ത്രീയും അവരുടെ രണ്ട് ചെറിയ പെണ്‍മക്കളും താമസിക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാമതീര്‍ത്ഥ കുന്നിന്‍ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് മൂന്നു പേരെ പൊലീസ് കണ്ടെത്തിയത്. ഗോകര്‍ണ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ശ്രീധറും സംഘവും വനത്തിലൂടെ നടക്കുന്നതിനിടെയാണ് ഗുഹയ്ക്കുള്ളില്‍ ആളനക്കം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ കണ്ടെത്തിയത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുഹയിലായിരുന്നു നീന കുട്ടിന എന്ന റഷ്യന്‍ സ്ത്രീയും, ആറ് വയസ്സുള്ള മകള്‍ പ്രേമയ്ക്കും നാല് വയസ്സുള്ള അമയ്ക്കുമൊ താമസിച്ചിരുന്നത്. ആത്മീയ ഏകാന്തത തേടി ഗോവയില്‍ നിന്ന് കുട്ടിന ഗോകര്‍ണത്ത് എത്തിയെന്നാണ് പറയുന്നത്. ധ്യാനത്തിലും പ്രാര്‍ത്ഥനയിലും ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതിനാലാണ് തങ്ങള്‍ കാട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. ഗുഹ സ്ഥിതി ചെയ്യുന്ന രാമതീര്‍ത്ഥ കുന്നില്‍ വിഷപ്പാമ്പുകള്‍ ഉള്‍പ്പെടെയുള്ള അപകടകാരികളായ വന്യജീവികളുടെ ആവാസ കേന്ദ്രമാണ്. എത്രകാലമായി ഇവിടെ താമസിച്ചുവരുന്നു എന്ന് വ്യക്തമല്ല. 2017 ഏപ്രില്‍ 17 വരെ സാധുതയുള്ള ഒരു ബിസിനസ് വിസയിലാണ് നീന ആദ്യം ഇന്ത്യയില്‍ എത്തിയതെന്നു പരിശോധനയില്‍ കണ്ടെത്തി. 2018 ഏപ്രില്‍ 19 ന് ഗോവയിലെ പനാജിയിലെ എഫ്ആര്‍ആര്‍ഒ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കി. തുടര്‍ന്ന് അവര്‍ നേപ്പാളിലേക്ക് പോയി. 2018 സെപ്റ്റംബര്‍ 8 ന് വീണ്ടും ഇന്ത്യയില്‍ പ്രവേശിച്ചതായും അതുവഴി അനുവദനീയമായ കാലാവധി കഴിഞ്ഞതായും രേഖകളില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് വിസ ലംഘനം കണക്കിലെടുത്ത്, സ്ത്രീയെയും പെണ്‍മക്കളെയും വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന കാര്‍വാറിലെ വനിതാ സ്വീകരണ കേന്ദ്രത്തിലേക്ക് മാറ്റി. കാട്ടിലെ ഗുഹയില്‍ എവിടെയോ തന്റെ രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നു അവര്‍ പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് ഗോകര്‍ണ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയില്‍ അവരുടെ പാസ്പോര്‍ട്ടും വിസ രേഖകളും കണ്ടെടുത്തു. മൂന്നു പേരെയും നാട്ടിലേക്കു തിരിച്ചയക്കാന്‍ ബെംഗളൂരുവിലെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസുമായി (FRRO) ബന്ധപ്പെട്ടിരിക്കുകയാണ്. തുടര്‍ നടപടികള്‍ക്കായി കുടുംബത്തെ ഉടന്‍ തന്നെ ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.
