ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ചു. ട്രെയിനിന്‍റെ അഞ്ച് ബോഗികളിലാണ് തീ പടർന്നത്. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ തമിഴ്നാട്ടിലെ തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് ഡീസലുമായി പോവുകയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നത് പ്രദേശത്ത് ആശങ്ക ഉയര്‍ത്തി. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെ തുടര്‍ന്ന് പാതയിലെ റെയിൽവെ ഗതാഗതം താറുമാറായി. ആളപായമില്ലെന്ന് റെയില്‍വെ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് തിരുവള്ളൂര്‍ വഴിയുള്ള എട്ട് ട്രെയിനുകള്‍ റദ്ദാക്കി. തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും കൂടുതൽ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു. തിരുവള്ളൂരിലെ മണലി ഹാള്‍ട്ട് റെയില്‍വെ സ്റ്റേഷനിൽ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. തീപിടുത്തത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചു.
