കൊച്ചി: കൊച്ചിയില്‍ എം.ഡി.എം.എയുമായി അറസ്റ്റിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന് സിനിമാ മേഖലയിലെ പ്രമുഖരുമായി അടുത്ത് ബന്ധം. ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ 4 പേരെ ഫോണില്‍ വിളിച്ച് പൊലീസ് വിവരം തേടി. നാല് മാസത്തിലേറെയായി റിന്‍സിയെ സ്ഥിരമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഒരു സംവിധായകനെയും പൊലീസ് ഫോണില്‍ ബന്ധപ്പെട്ടതായാണ് വിവരം. എന്നാല്‍ സിനിമ പ്രമോഷനുകളുടെ ഭാഗമായാണ് റിന്‍സിയെ വിളിച്ചതെന്നാണ് താരങ്ങള്‍ പൊലീസിന് മറുപടി നല്‍കിയത്. അതേസമയം ഇത് പൊലീസ് വിശ്വസിക്കുന്നില്ല. ഇവരുമായി പണം ഇടപാട് നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. യുവതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. റിന്‍സി ഇടപാട് നടത്തിയവരുടെ ലിസ്റ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. വാട്ട്‌സാപ്പ് ചാറ്റുകളില്‍ വന്‍തോതില്‍ ലഹരി വാങ്ങിയതിന്റെയും വിറ്റതിന്റെയും കണക്കുകളും ലഭിച്ചു. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിതയായ റിന്‍സി ലഹരിക്കച്ചവടത്തിനായി തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. നിലവില്‍ റിമാന്‍ഡിലാണ് റിന്‍സി.
