ന്യൂഡൽഹി: രാജ്യത്തെ എല്ലാ യാത്രാ ട്രെയിനുകളിലും സിസിടിവി സ്ഥാപിക്കാൻ റെയിൽവേ തീരുമാനം. 74,000 കോച്ചുകളിലും 15,000 എൻജിനുകളിലും ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി. ട്രെയിനുകളിൽ യാത്രക്കാർക്കും ടിടിഇമാർക്കും എതിരെ ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടാകും ക്യാമറകൾ സ്ഥാപിക്കുന്നത്. കോച്ചുകളിലെ പൊതു ഇടങ്ങളിലാകും ക്യാമറകൾ സ്ഥാപിക്കുക. 4 വാതിലുകൾക്കും സമീപത്തായി 4 ക്യാമറകൾ ഉണ്ടാകും. 100 കിലോമീറ്റർ വേഗതയും കുറഞ്ഞ പ്രകാശവുമുള്ള സമയത്തും കൃത്യമായ ദൃശ്യങ്ങൾ പകർത്താനാകുന്ന ക്യാമറകളാണ് സ്ഥാപിക്കുക. 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങൾ ക്യാമറകൾ പകർത്തും. എഞ്ചിനുകളിൽ 6 ക്യാമറകളാണ് സ്ഥാപിക്കുക. ലോക്കോ പൈലറ്റുമാരുടെ ശബ്ദം റെക്കോർഡ് ചെയ്യാനുള്ള മൈക്രോ ഫോണുകളും ഘടിപ്പിക്കും. ട്രെയിൻ അപകടങ്ങളിൽ അന്വേഷണത്തിനു ഇതു സഹായിക്കും. നേരത്തേ ചില ട്രെയിനുകളിൽ സിസിടിവി സ്ഥാപിച്ചു പരീക്ഷണം നടത്തിയിരുന്നു. ഇത് വിജയിച്ചതോടെയാണ് രാജ്യവ്യാപകമായി ഇതു നടപ്പിലാക്കാൻ റയിൽവെ തീരുമാനിച്ചത്.
