ന്യൂഡല്‍ഹി: കാമുകനുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്യാന്‍ ഭാര്യയുടെ കടുംകൈ പ്രയോഗം; ക്വട്ടേഷന്‍ സംഘാംഗത്തെ പൊലീസ് അറസ്റ്റു ചെയ്തു. അങ്കിത് ഹഗ്ലോട്ടി (27)നെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്. ഡല്‍ഹി, സുല്‍ത്താന്‍പൂരിലാണ് വിചിത്രമായ കേസ് ഉണ്ടായത്.
യുവതിയും കാമുകനും ഒത്തുള്ള സ്വകാര്യദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍ ഉണ്ടായിരുന്നു. ഇത് പുലിവാലായേക്കുമെന്നു കണക്കുകൂട്ടിയാണ് ഫോണില്‍ നിന്നു ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ യുവതി തീരുമാനിച്ചത്. പല തവണ ഇതിനു ശ്രമിച്ചിട്ടും ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ യുവതിക്കു കഴിഞ്ഞില്ല. ഇതോടെ യുവതി ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടി. ഫോണില്‍ നിന്നു ദൃശ്യങ്ങള്‍ ഇല്ലാതാക്കാന്‍ തയ്യാറാണെന്നു വ്യക്തമാക്കിയ സംഘം ക്വട്ടേഷന്‍ സ്വീകരിച്ചു. ഭര്‍ത്താവ് ദിവസവും സഞ്ചരിക്കുന്ന സമയവും വഴിയും ക്വട്ടേഷന്‍ തലവനായ അങ്കിത് ഹഗ്ലോട്ടിനും കൂട്ടാളിക്കും കൈമാറി. തുടര്‍ന്ന് തയ്യാറാക്കിയ തിരക്കഥ പ്രകാരം ജൂണ്‍ 19ന് ആക്ഷനായി തെരഞ്ഞെടുത്തു. വഴിയില്‍ നിലയുറപ്പിച്ച സംഘം സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ഫോണ്‍ കൈക്കലാക്കി രക്ഷപ്പെട്ടു. മുഖം മൂടി സംഘത്തിനെതിരെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളും അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ ഭാര്യ നല്‍കിയ ക്വട്ടേഷന്‍ ആണെന്നു വ്യക്തമായത്. സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
