ബെംഗളൂരു: സെൽഫി എടുക്കുന്നതിനിടെ നദിയിൽ തള്ളിയിട്ട് കൊല്ലാൻ ഭാര്യ ശ്രമിച്ചെന്ന യുവാവിന്റെ പരാതിയിൽപൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ കട്ലൂർ ഗ്രാമത്തിലാണ് സംഭവം.തത്തപ്പ എന്നയാളാണ് ഭാര്യക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 3 മാസം മുൻപ് വിവാഹിതനായ തത്തപ്പ ഭാര്യയുമായി നിറഞ്ഞൊഴുകുന്ന കൃഷ്ണാ നദിക്കു കുറുകെയുള്ള പാലത്തിൽ എത്തുകയായിരുന്നു. ഇരുവരും സെൽഫി എടുക്കുന്നതിനിടെ തത്തപ്പ നദിയിലേക്കു വീണു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് യുവാവിനെ രക്ഷിച്ചത്. ഭാര്യ തന്നെ മനപൂർവം തള്ളിയിട്ടെന്ന് തത്തപ്പ ആരോപിക്കുന്നു. എന്നാൽ അബദ്ധത്തിൽ സംഭവിച്ചെന്നാണ് ഭാര്യയുടെ വാദം. അപകടത്തിനു പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതോടെ നാട്ടുകാർ ഇവരുടെ കുടുംബത്തെ വിളിച്ചുവരുത്തി. തത്തപ്പ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. പരസ്പര തർക്കങ്ങളാണ് തന്നെ തള്ളിട്ടു കൊല്ലാൻ ഭാര്യ ശ്രമിച്ചതിനു കാരണമെന്നാണ് തത്തപ്പ പറയുന്നത്.
