മംഗളൂരു: മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിക്കല്‍ ലിമിറ്റഡിലുണ്ടായ (എംആര്‍പിഎല്‍) വിഷവാതക ചോര്‍ച്ചയില്‍ രണ്ട് മരണം. എംആര്‍പിഎല്‍ തൊഴിലാളികളായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ്‌രാജ് സ്വദേശി ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. റിഫൈനറിയിലെ പരിചയ സമ്പന്നരായ ഫീൽഡ് ഓപറേറ്റർമാരായിരുന്നു മരിച്ച രണ്ടു പേരും. ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം. ഇരുവരെയും പ്ലാന്റിലെ ടാങ്ക് പ്ലാറ്റ്‌ഫോമിനു മുകളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ കർണാടക ഗദാങ് സ്വദേശി വിനായക് മ്യാഗരി ആശുപത്രിയിൽ ചികിത്സയിലാണ്. ഓയില്‍ മൂവ്മെന്റ് ഏരിയയിലെ സംഭരണ ടാങ്കിന്റെ പ്ലാറ്റ്ഫോമില്‍ തകരാറുണ്ടോ എന്ന് പരിശോധിക്കാന്‍ കയറിയപ്പോഴായിരുന്നു അപകടം. രാവിലെ ജോലിക്കെത്തിയ മറ്റ് ജീവനക്കാരാണ് ബോധരഹിതരായി കിടക്കുന്ന ഇരുവരെയും കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിഫൈനറിയിലെ ചോര്‍ച്ച പരിഹരിച്ചതായി കമ്പനി അറിയിച്ചു. അപകടകാരണം കണ്ടുപിടിക്കാന്‍ വിശദ അന്വേഷണം നടത്താന്‍ എംആര്‍പിഎല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍മാരുടെ ഉന്നതതല സമിതി രൂപീകരിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യുമെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.
