ഇറ്റാനഗർ: പ്രായ പൂർത്തിയാവാത്ത നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരനെ ആൾക്കൂട്ടം പൊലീസ് സ്റേറഷനിൽ നിന്നു വലിച്ചു പുറത്തു കൊണ്ടുപോയി മർദ്ദിച്ചു കൊലപ്പെടുത്തി. അരുണാചൽ പ്രദേശിലെ ലോവർ ദി ബാംഗ് വാലി റോയിംഗിലാണ് ദാരുണ സംഭവം അരങ്ങേറിയത്. അസമിൽ നിന്ന് ഇവിടെ കുടിയേറിയ കൗമാരക്കാരൻ ടൗണിലെ ഒരു കടയിലെ ജോലിക്കാരനായിരുന്നു. ഇതേ സ്ഥലത്തെ അധികം സുരക്ഷിതത്വമൊന്നുമില്ലാത്ത ഒരു സ്കൂൾ ഹോസ്റ്റലിൽ അതിക്രമിച്ചു കടന്ന കൗമാരക്കാരൻ നിരവധി പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പീഡനത്തിനിരയായ പെൺകുട്ടികൾക്കു വയറു വേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. കുട്ടികൾ വിവരം രക്ഷിതാക്കളെ അറിയിക്കുകയും അവർ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പരിശോധനക്കിടയിലാണ് കുട്ടികൾ സംഭവം വിശദീകരിച്ചത്. ഉടനെ ഒരു കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. വ്യാഴാഴ്ച പൊലീസ് ആരോപണ വിധേയനായ കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു. കൗമാരക്കാരൻ മറ്റു നിരവധി പെൺ കുട്ടികളെയും പീഡിപ്പിച്ചുവെന്ന വിവരം നാട്ടിൽ പ്രചരിച്ചതോടെ ക്ഷുഭിതരായ നാട്ടുകാർ സംഘം ചേർന്നു പൊലീസ് സ്റ്റേഷനിലെത്തുകയും കൗമാരക്കാരനെ സ്റ്റേഷനിൽ നിന്നു വലിച്ചിഴച്ചു പുറത്തു കൊണ്ടുവന്നു മർദ്ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ആൾകൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതെ വന്ന പൊലീസ് മേലധികാരികളെ വിവരമറിയിച്ചു. കൂടുതൽ പൊലീസ് എത്തിയെങ്കിലും അതിനു മുമ്പു കൗമാരക്കാരൻ മരണപ്പെട്ടിരുന്നു.

Super👌🏻