മംഗളൂരു: ദക്ഷിണ കന്നഡയിൽ ബലാത്സംഗത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണതൊഴിലാളി കോടതിയിൽ മൊഴി നൽകി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇയാൾ ബൽത്തങ്ങാടി മജിസ്ട്രേട്ട് കോടതിയിൽ എത്തിയത്. അഭിഭാഷകർക്കൊപ്പമെത്തിയ ഇയാൾ മുഖം മറച്ചിരുന്നു. താൻ കുഴിച്ചിട്ടതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ അസ്ഥിയും കോടതിയിൽ സമർപ്പിച്ചു.
നേരത്തേ ഇയാൾ കോടതിയിലെത്തി മൊഴി നൽകാതെ നിയമ നടപടികൾ ആരംഭിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കിയിരുന്നു. പിന്നാലെ നേരിട്ടു ഹാജരായ ഇയാൾ വധഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. ആവശ്യം കോടതി അംഗീകരിച്ചു.
ശേഷിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കൂടി ഇയാളുടെ സഹായത്തോടെ കണ്ടെത്തുമെന്ന് ദക്ഷിണ കന്നഡ എസ്പി ഡോ. കെ. അരുൺ അറിയിച്ചു.
ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കർണാടക പൊലീസിനു കത്തെഴുതിയതോടെയാണ് സംഭവം പുറത്തായത്. 1998നും 2014നും ഇടയിലാണ് സംഭവം. രഹസ്യമായി മൃതദേഹങ്ങൾ സംസ്കരിക്കാൻ സൂപ്പർവൈസറാണ് ആവശ്യപ്പെട്ടത്. വിസമതിച്ചപ്പോൾ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ മനസ്സില്ലാ മനസ്സോടെ താൻ മൃതദേഹങ്ങൾ കത്തിക്കുകയും ധർമസ്ഥല ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ മറവു ചെയ്യുകയുമായിരുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. ലൈംഗികാതിക്രമത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങളായിരുന്നു ഭൂരിഭാഗവും. സ്കൂൾ കുട്ടികളും ഇതിൽ ഉൾപ്പെട്ടിരുന്നു. 2014ൽ കുടുംബത്തിനു നേരെ ഭീഷണി ഉയർന്നതോടെ സമീപ സംസ്ഥാനത്തേക്കു രക്ഷപ്പെട്ടു. അന്നു മുതൽ ഒളിവിലായിരുന്നു. ശക്തരായ വ്യക്തികളാണ് കൊലപാതകത്തിനു പിന്നിൽ. കുറ്റബോധം സഹിക്കാതെയാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
