ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ മലയാളി ഡോക്ടറെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഡോ. അബിഷോ ഡേവിഡി(32)നെയാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിജി വിദ്യാര്‍ഥിയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒരു സ്റ്റാഫ് അന്വേഷിച്ചെത്തിയപ്പോഴാണ് ഡേവിഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും അനസ്‌തേഷ്യ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടറുമായിരുന്നു ഡേവിഡ്. വെള്ളിയാഴ്ച രാവിലെ ഡോ. ഡേവിഡ് എത്താതിരുന്നതിനെ തുടര്‍ന്ന് അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.സതീഷ് കുമാര്‍ ഒരു സ്റ്റാഫിനെ ഹോസ്റ്റലിലേക്ക് വിട്ടിരുന്നു. എന്നാല്‍ മുറിയുടെ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുട്ടി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച് സ്റ്റാഫ് ഡോ.സതീഷ് കുമാറിനെ വിവരമറിയിച്ചു. തുടര്‍ന്ന് അദ്ദേഹവും മറ്റ് ജീവനക്കാരും ഹോസ്റ്റലിലെത്തി വതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ചനിലയില്‍ ഡേവിഡിനെ കണ്ടത്.
അബിഷോയുടെ ഇടതുകൈയില്‍ രണ്ട് കുത്തിവയ്പ്പിന്റെ പാടുകളും കണ്ടെത്തി. സിറിഞ്ചും സാധനങ്ങളും സമീപത്തുള്ള മേശപ്പുറത്ത് കണ്ടെത്തി. വിവരത്തെ തുടര്‍ന്ന് ഗുല്‍റിഹ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഇതുവരെ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മരണകാരണം അറിയില്ലെന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ അത് വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. ഒന്നര വര്‍ഷം മുമ്പാണ് ഡോ.അബിഷോ വിവാഹിതനായത്. ഭാര്യ ഡോ.നിമിഷ ഗൈനക്കോളജിസ്റ്റാണ്. അവര്‍ ഗര്‍ഭിണിയായിരുന്നു. ഈ ആഴ്ച അവരുടെ പ്രസവം പ്രതീക്ഷിച്ചിരുന്നു.
