ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിൽ പരമ്പരാഗത രീതിയിലെ ഇരിപ്പിട ക്രമീകരണങ്ങളിൽ മാറ്റം വരുത്തി സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഇനി അർധവൃത്താകൃതിയിലാകും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. ഇതോടെ ക്ലാസുകളിൽ ഫ്രണ്ട് ബെഞ്ചേഴ്സും ബാക്ക് ബെഞ്ചേഴ്സും ഉണ്ടാകില്ല.അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമ സ്ഥാനാർത്ഥി ശ്രീക്കുട്ടനിലെ ക്ലാസ് രംഗങ്ങളാണ് നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് സൂചന. ഫ്രണ്ട് ബെഞ്ചേഴ്സ്, ബാക്ക് ബെഞ്ചേഴ്സ് എന്ന അനാവശ്യ വേർതിരിവുകൾ വിദ്യാർഥികളുടെ ജീവിതത്തെയും പഠന നിലവാരത്തെയും ബാധിക്കുന്നതായി സിനിമ ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹമാധ്യമത്തിലും ഇതു ചർച്ചയായി. പിന്നാലെ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വടക്കാഞ്ചേരി ഈസ്റ്റ് മങ്ങാട് ആർസിസി എൽപി സ്കൂളിലെ എല്ലാ ക്ലാസുകളിലും അർദ്ധവൃത്താകൃതിയിൽ വിദ്യാർഥികളെ ഇരുത്തി പഠിപ്പിക്കാൻ ആരംഭിച്ചിരുന്നു. കേരളത്തിലെ എല്ലാ സ്കൂളുകളിലും രീതി അവലംബിക്കുന്നതു സംബന്ധിച്ച് പഠിച്ച ശേഷം തീരുമാനം എടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസും വ്യക്തമാക്കിയിരുന്നു.
