കൊച്ചി: നിയമപോരാട്ടത്തിനൊടുവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. ജാനകി ‘വി’ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരോടെയാകും ചിത്രം എത്തുക. 8 മാറ്റങ്ങൾ വരുത്തിയ പതിപ്പിനാണ് അംഗീകാരം. സിനിമയിലെ കോടതി രംഗങ്ങളിലും മാറ്റങ്ങൾ വരുത്തി. ഇതോടെ അടുത്ത ദിവസം തന്നെ സിനിമ റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കി.സിനിമയുടെ പേരിലും രംഗങ്ങളിലും സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്താമെന്ന് അണിയറപ്രവർത്തകർ കോടതിയെ അറിയിച്ചതോടെയാണ് പ്രദർശനാനുമതി ലഭിച്ചത്. ജാനകി എന്ന പേര് സിനിമയുടെ നിർമ്മാതാക്കൾ ഉപയോഗിച്ചത് മനപ്പൂർവ്വമാണെന്ന് സെൻസർ ബോർഡ് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതു മത വികാരത്തെ വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്നാണ് ആരോപണം. ജൂൺ 27ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപെട്ടതാണ്. പ്രേമം സിനിമയിലൂടെ ശ്രദ്ധേയയായ അനുപമ പരമേശ്വരനും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ, അസ്കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. 2023 നവംബറിൽ പുറത്തിറങ്ങിയ ഗരുഡന് ശേഷം സുരേഷ് ഗോപി നായകനാകുന്ന സിനിമയാണിത്.
