കാസര്‍കോട്: കുമ്പള പഞ്ചായത്ത് സെക്രട്ടറി സുമേഷിനെയും പഞ്ചായത്ത് ഓഫീസില്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ കുമ്പള ഗവ.യുപി- ഹൈസ്‌കൂള്‍ മദര്‍ പി ടി എ പ്രതിനിധി ബിനീഷയെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുമ്പള ടൗണിലെ ഫുട്പാത്തിലുള്ള പെട്ടിക്കടകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടൗണിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കിയിരിക്കുകയാണെന്നും അതുകൊണ്ട് അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിനീഷ കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തിരുന്നു എന്നു പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് ഇതിനെക്കുറിച്ച് ആരായാന്‍ എത്തിയ ബിനീഷയോട് പഞ്ചായത്തിലുള്ളവരും നിങ്ങളും കൂടി തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണോ എന്ന് സെക്രട്ടറി ചോദിച്ചെന്നു പറയുന്നു. എന്തായാലും ഇത് സംബന്ധിച്ച് പഞ്ചായത്ത് ഓഫീസില്‍ ഞൊടിയിടക്കുള്ളില്‍ ആളുകള്‍ കൂടുകയും ബഹളം കേട്ട് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാര്‍ സ്ഥലത്തെത്തുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പൊലീസ് ഇരുവരുമായി വിവരങ്ങള്‍ ആരാഞ്ഞു. പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ നിര്‍ദേശിച്ച ശേഷം ഇരുവരെയും സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചു. എന്നാല്‍ വനിതാകമ്മീഷനും പൊലീസ് സൂപ്രണ്ടിനും താന്‍ പരാതി നല്‍കുമെന്ന് ബിനീഷ പറഞ്ഞു. കുമ്പള പഞ്ചായത്തിലെ ബസ് വെയിറ്റിങ് ഷെഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് പഞ്ചായത്ത് സെക്രട്ടറി കരാറുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
