തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്‌മാന്റെ ഓഫീസ് സ്റ്റാഫിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ബിജുവാണ് ജീവനൊടുക്കിയത്. തിരുവനന്തപുരം നന്ദന്‍കോട്ടുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
കൂടെ താമസിച്ചിരുന്ന ഭാര്യ കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച രാവിലെ ബിജു ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചുവെങ്കിലും പ്രയോജനം ഉണ്ടായില്ല. തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ മുറി അകത്തു നിന്നു പൂട്ടിയതായി വ്യക്തമായി. ഇതോടെ വിവരം മ്യൂസിയം പൊലീസിനെ അറിയിച്ചു. പൊലീസെത്തി മുറി തള്ളിത്തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
