മംഗളൂരു: മയക്കുമരുന്ന് കടത്തിനും ഉപഭോഗത്തിനുമെതിരെയുള്ള തുടര്‍ച്ചയായ നടപടികളുടെ ഭാഗമായി, മംഗളൂരു സിറ്റി പൊലീസ് ഈവര്‍ഷം 1.36 കോടിയുടെ മയക്കുമരുന്നുകള്‍ പിടികൂടി. എന്‍ഡിപിഎസ് (നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) ആക്ട് പ്രകാരം 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 67 പ്രതികളെ അറസ്റ്റ് ചെയ്തു. 1,36,35,650 രൂപയുടെ മയക്കുമരുന്ന് വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. 145.324 കിലോഗ്രാം കഞ്ചാവ്, 319.976 ഗ്രാം എംഡിഎംഎ, 13 ഗ്രാം എംഡിഎംഎ ഗുളികകള്‍, 756.52 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, മറ്റ് വിവിധ മയക്കുമരുന്ന് വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഈ വര്‍ഷം ആദ്യം ജനുവരി 15 ന് നടത്തിയ റെയ്ഡില്‍ 335.460 കിലോഗ്രാം കഞ്ചാവ്, 7.640 കിലോഗ്രാം എംഡിഎംഎ, 16 ഗ്രാം കൊക്കെയ്ന്‍ എന്നിവ പിടികൂടിയ ശേഷം നശിപ്പിച്ചു. ഇവയ്ക്ക് ആകെ 6,80,86,558 രൂപ വിലമതിക്കും. വ്യാഴാഴ്ച ദക്ഷിണ കന്നഡയിലെ മുല്‍ക്കിയിലെ കോള്‍നാട് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ റീ സസ്‌റ്റൈനബിലിറ്റി ഹെല്‍ത്ത്‌കെയര്‍ സൊല്യൂഷന്‍സ് ലിമിറ്റഡില്‍ മയക്കുമരുന്ന് നിര്‍മാര്‍ജന പരിപാടി നടന്നു. കോടതിയുടെ അനുമതിയോടെയാണ് നശിപ്പിക്കല്‍ നടത്തിയത്. ആകെ 21.320 കിലോഗ്രാം കഞ്ചാവും 60 ഗ്രാം എംഡിഎംഎയും കത്തിച്ചു. ആറുമാസത്തിനുള്ളില്‍ എന്‍ഡിപിഎസ് നിയമപ്രകാരം ഉപഭോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് 376 വ്യക്തികള്‍ക്കെതിരെ 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.
