ഷാര്‍ജ: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനില്‍ വിപഞ്ചിക മണിയനും(33)മകള്‍ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. ഇതേ തുടര്‍ന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. വിവാഹമോചനമുണ്ടായാല്‍ താന്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറയുമായിരുന്നു.
മരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ അധികൃതരോട് ആവശ്യപ്പെടുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അല്‍ ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. നിലവില്‍ മൃതദേഹം ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് ഉള്ളത്. അതിനിടെ മകളുടെ മൃതദേഹം ഷാര്‍ജയില്‍ തന്നെ സംസ്‌കരിക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
