വഡോദര: ഗുജറാത്തിലെ വഡോദരയിൽ 40 വർഷം പഴക്കമുള്ള പാലം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 16 ആയി ഉയർന്നു. കാണാതായ 4 പേർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴ തുടരുന്നതും നദിയിൽ വെള്ളം കുത്തിയൊലിച്ചെത്തുന്നതും തിരച്ചിലിന് തടസ്സമാകുന്നു. പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 5 പേരിൽ 3 പേരുടെ നില ഗുരുതരമാണ്.
പാലം തകർന്ന് 6 വാഹനങ്ങൾ മഹിസാഗർ നദിയിൽ വീഴുകയായിരുന്നു.
മുജപുരയെയും ആനന്ദ് ജില്ലയിലെ ഗംഭിറയെയും ബന്ധിപ്പിക്കുന്ന, 900 മീറ്റർ നീളവും 40 മീറ്ററോളം ഉയരവുമുള്ള ഗംഭിറ പാലമാണ് ബുധനാഴ്ച രാവിലെ ഏഴരയോടെ തകർന്നുവീണത്.
പാലത്തിന്റെ മധ്യഭാഗത്തെ 15 മീറ്ററോളം നീളമുള്ള സ്ലാബ് അടർന്നു വീഴുകയായിരുന്നു. 2 ട്രക്കുകളും 2 വാനുകളും ഒരു ഓട്ടോറിക്ഷയും ബൈക്കുമാണ് നദിയിൽ വീണത്. യുപി ബ്രിഡ്ജ് കൺസ്ട്രക്ഷൻ കമ്പനി നിർമിച്ച പാലം 1985ലാണ് ഗതാഗതത്തിനു തുറന്നു കൊടുത്തത്. പാലം അപകടനിലയിലാണെന്ന് 2021 മുതൽ മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചതും ഭാരവാഹനങ്ങൾ കയറ്റി വിട്ടതും അപകടത്തിനു കാരണമായതായി ആക്ഷേപം ഉയരുന്നു.
