കൊച്ചി: എംഡിഎംഎയുമായി പിടിയിലായ യൂട്യൂബര്‍ തന്റെ പേഴ്‌സണല്‍ മാനേജറല്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്ത കണ്ടാണ് നടന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്‌സനല്‍ മാനേജര്‍ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കുന്നു. ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായ റിന്‍സി തന്റെ മാനേജരെന്ന് രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഇത്തരത്തില്‍ താനുമായി ബന്ധപ്പെടുത്തി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രൊഫഷനല്‍ കാര്യങ്ങളും താന്‍ നേരിട്ടോ അല്ലെങ്കില്‍ സ്വന്തം നിര്‍മ്മാണ കമ്പനിയായ യുഎംഎഫ് വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു. 22.5 ഗ്രാം എംഡിഎംഎയുമായി ബുധനാഴ്ചയാണ് യൂടൂബര്‍ റിന്‍സിയും സുഹൃത്തും കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് പിടിയിലായത്.
