ഭുവനേശ്വര്‍: ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ പാളത്തില്‍ കിടന്ന് സാഹസികമായി റീല്‍സ് ചിത്രീകരിച്ച മൂന്ന് കുട്ടികള്‍ പൊലീസ് കസ്റ്റഡിയില്‍. ഒഡിഷയിലെ പുരുനാപാനി സ്റ്റേഷന് സമീപമാണ് സംഭവം. വീഡിയോ വൈറലായതോടെയാണ് ആര്‍പിഎഫ് മൂന്നു കുട്ടികളെയും കസ്റ്റഡിയിലെടുത്തത്. വീഡിയോയില്‍ റെയില്‍വേ പാളത്തില്‍ കിടക്കുന്ന കുട്ടിയെ കാണാം. സുഹൃത്തായ മറ്റൊരു കുട്ടി വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. മറ്റൊരു കുട്ടി വീഡിയോ ചിത്രീകരിക്കുകയാണ്. കുട്ടിയുടെ മുകളിലൂടെ അതിവേഗതയില്‍ ട്രെയിന്‍ കടന്നുപോകുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
ട്രെയിന്‍ കടന്നുപോകുന്നതുവരെ അനങ്ങാതെ കിടക്കുക എന്നതാണ് വീഡിയോയിലെ ടാസ്‌ക്. ടാസ്‌ക്പൂര്‍ത്തിയാക്കിയ കുട്ടിയെ കൈ അടിച്ച് അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്താണ് റീല്‍സ് അവസാനിക്കുന്നത്. ഇത്തരം അശ്രദ്ധമായ പ്രവൃത്തികള്‍ ജീവന്‍ അപകടത്തിലാക്കുമെന്നും സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
