കോട്ടയം∙ പൂച്ച മാന്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു. പന്തളം കടക്കാട് സുമയ്യ മൻസിലിൽ അഷറഫിന്റെ മകൾ ഹന്ന അഷറഫാണ് മരിച്ചത്. എന്നാൽ പേവിഷബാധയാണോ മരണകാരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
ജൂലൈ രണ്ടിനാണ് കുട്ടിയെ പൂച്ച മാന്തിയത്. ഇതേത്തുടർന്ന് പേവിഷ പ്രതിരോധ വാക്സീന്റെ രണ്ടു ഡോസ് കുട്ടി എടുത്തിരുന്നെന്നാണ് വിവരം. രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പിനായി കഴിഞ്ഞ തിങ്കളാഴ്ച പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി. കുത്തിവെപ്പെടുത്ത ശേഷം വീട്ടിലെത്തിയ ഹന്ന ഫാത്തിമ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് വീണ്ടും പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സ തേടി. നില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മരണ കാരണം കണ്ടെത്തുന്നതിന് സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടിക്ക് ഡെങ്കിയോ നിപയോ ബാധിച്ചിരുന്നോ എന്നും സംശയിക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പരാതി നൽകിയിട്ടില്ല. കുട്ടിയുടെ സംസ്കാരം വെള്ളിയാഴ്ച കടക്കാട് മുസ്‍ലിം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. തോന്നല്ലൂർ ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
സജിനയാണ് മാതാവ്.
