തലപ്പാടി: വിവാഹത്തിനു വിസമ്മതിച്ച കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കാമുക ന്‍ ജീവനൊടുക്കി. ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുതുഗ്രാമ, സുജീറുവില്‍ ആണ് ദാരുണമായ സംഭവം നടന്നത്. മെക്കാനിക്കും കാഞ്ചിലക്കോടി സ്വദേശിയുമായ സുധീര്‍ (30) ആണ് ജീവനൊടുക്കിയത്.
തിങ്കളാഴ്ചയാണ് സംഭവം. ദിവ്യ എന്ന ദീക്ഷിത (26)യാണ് വധശ്രമത്തിനു ഇരയായത്. സംഭവത്തെ കുറിച്ച് പൊലീസ് നല്‍കുന്ന വിവരം ഇങ്ങനെ: ‘മെക്കാനിക്കായ സുധീറും ദിവ്യയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ തെറ്റി. ദിവ്യ കല്യാണത്തിനു തയ്യാറായില്ല.
സുധീര്‍ ആണെങ്കില്‍ ദിവ്യയെ കല്യാണം കഴിക്കണമെന്ന് നിലപാടിലായിരുന്നു. തിങ്കളാഴ്ച സുധീര്‍ കാമുകിയായ ദിവ്യ താമസിക്കുന്ന വാടക വീട്ടില്‍ എത്തി. ഈ സമയത്ത് യുവതി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. സുധീര്‍ യുവതിയോട് കല്യാണം കഴിക്കണമെന്ന നിലപാടില്‍ ഉറച്ചു നിന്നു. യുവതി ഈ ആവശ്യം നിരസിക്കുകയും മാതാവിനെ ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ സുധീര്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ദിവ്യയെ കുത്തി പരിക്കേല്‍പ്പിച്ചു. ദിവ്യ പ്രാണരക്ഷാര്‍ത്ഥം വീട്ടില്‍ നിന്നു ഇറങ്ങിയോടുകയും വഴിയില്‍ വീഴുകയും ചെയ്തു. ബഹളം കേട്ട് പരിസരവാസികള്‍ ഓടിക്കൂടുന്നതിനിടയില്‍ സുധീര്‍ വീട്ടിനകത്തേക്ക് ഓടിപ്പോയി കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു.’ ദിവ്യയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. ദിവ്യ മരിച്ചുവെന്നു കരുതിയാണ് സുധീര്‍ ജീവനൊടുക്കിയതെന്നു സംശയിക്കുന്നു.’
