പട്ന: പട്‌നയിലെ പ്രമുഖ വ്യവസായിയായ ഗോപാല്‍ ഖേംകെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലിസിന്റെ വെടിയേറ്റ് മരിച്ചു. ആയുധം നല്‍കി സഹായിച്ച ആളെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് പ്രതി വികാസ് എന്ന രാജ(29)യ്ക്ക് വെടിയേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതി വെടിയേറ്റ് മരിച്ച വിവരം ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടത്. പട്ന നഗരത്തിലെ മാല്‍ സലാമി പ്രദേശത്ത് വെച്ചാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. മുഖ്യപ്രതിയായ ഇയാള്‍ക്ക് കൊലപാതകം നടത്തിയ ഉമേഷുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, കൊലപാതക കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ സംഘം വികാസിനെ തേടി ചൊവ്വാഴ്ച പുലര്‍ച്ചെ 2:25 ഓടെ പട്നയിലെ ദമാരിയ ഘാട്ടില്‍ എത്തിയിരുന്നു. പൊലീസുകാരെ കണ്ടപ്പോള്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് തിരിച്ചുനടത്തിയ വെടിവെപ്പിലാണ് പ്രതി കൊല്ലപ്പെട്ടത്. ഇയാള്‍ മറ്റുനിരവധി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പില്‍ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് പിസ്റ്റള്‍, വെടിയുണ്ടകള്‍, ഉപയോഗിച്ച ഷെല്ലുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. രാജയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഖേംകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 ലധികം പ്രതികളെ പട്ന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി 11.40- ഓടെ പട്‌നയിലെ വീടിനുമുന്നില്‍വെച്ചാണ് ഗോപാല്‍ ഖെംകയ്ക്ക് തലയ്ക്ക് വെടിയേറ്റത്. കാറില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം. ഖേംകയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് പ്രതികള്‍ കൊലപാതകം നടപ്പിലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. 2018ല്‍ ഖെംകയുടെ മകനും ബിജെപി നേതാവുമായിരുന്ന ഗുഞ്ജന്‍ സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു. ഹാജിപുരിലെ ഫാക്ടറിക്കുമുന്നില്‍ വെടിയേറ്റാണ് മകന്‍ മരിച്ചത്.
