ബെംഗളൂരു: കര്‍ണാടകയില്‍ 10 വര്‍ഷത്തിനിടെ കൊല്ലപ്പെട്ട നൂറ് കണക്കിനു മൃതദേഹം രഹസ്യമായി കുഴിച്ചുമൂടാന്‍ നിര്‍ബന്ധിതനായെന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി. ദക്ഷിണ കന്നഡ ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളിയായിരുന്ന വ്യക്തിയാണ് അഭിഭാഷകര്‍ മുഖേന പൊലീസിനു കത്തയച്ചത്. കുഴിച്ചു മൂടിയവരില്‍ ഭൂരിഭാഗവും യുവതികളായിരുന്നുവെന്നും ലൈംഗിക പീഡനത്തിനു ശേഷം കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹങ്ങളെന്നും കത്തില്‍ പറയുന്നു. കുറ്റബോധം സഹിക്കവയ്യാതെയാണ് വെളിപ്പെടുത്തലെന്നും ഇയാള്‍ പറയുന്നുണ്ട്.
1995 മുതല്‍ 2014 വരെയാണ് ഇയാള്‍ ശുചീകരണ’ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്. ആദ്യ മൃതദേഹം മറവു ചെയ്യാന്‍ വിസമ്മതിച്ചതോടെ സൂപ്പര്‍വൈസര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സമ്മതിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നും പറഞ്ഞു. ഇതോടെ മനസില്ലാ മനസ്സോടെ മൃതദേഹങ്ങള്‍ ഡിസല്‍ ഒഴിച്ച് കത്തിക്കുകയും ധര്‍മസ്ഥല ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലായി കുഴിച്ചിടുകയും ചെയ്തു. കുടുംബത്തിനുനേരെ ഭീഷണിയുണ്ടായതോടെ 2014ല്‍ അയല്‍ സംസ്ഥാനത്തേക്കു രക്ഷപ്പെട്ടു. തുടര്‍ന്ന് ഒളിവില്‍ താമസിക്കുകയുമായിരുന്നു.
ശക്തരായ വ്യക്തികളാണ് കൊലപാതകത്തിനു പിന്നില്‍. പൊലീസ് സംരക്ഷണം നല്‍കിയാല്‍ ഇവരുടെ പേര് വെളിപ്പെടുത്താന്‍ തയാറാണ്. ഈ കേസുകള്‍ അന്വേഷിക്കണമെന്നും മൃതദേഹങ്ങള്‍ പുറത്തെടുത്ത് ചടങ്ങുകളോടെ സംസ്‌കരിക്കണമെന്നും ഇയാള്‍ കത്തില്‍ ആവശ്യപ്പെടുന്നു.
വെളിപ്പെടുത്തലില്‍ അന്വേഷണത്തിനു കോടതിയുടെ അനുമതി തേടാന്‍ കര്‍ണാടക പൊലീസ് നടപടികള്‍ ആരംഭിച്ചു.
