ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കാലാവധി കഴിഞ്ഞിട്ടും ഔദ്യോഗിക വസതിയില്‍ താമസിക്കുകയാണെന്നും വസതി ഒഴിയണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണവിഭാഗം കേന്ദ്രത്തിന് കത്തെഴുതി. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായി ഉള്‍പ്പെടെ 33 ജഡ്ജിമാരാണ് നിലവില്‍ സുപ്രീം കോടതിയിലുള്ളത്. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതി. മൂന്ന് പേര്‍ ട്രാന്‍സിറ്റ് അപ്പാര്‍ട്ട്മെന്റുകളിലും ഒരാള്‍ സംസ്ഥാന ഗസ്റ്റ് ഹൗസിലുമാണ് താമസിക്കുന്നത്. മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതുകയായിരുന്നു. ബംഗ്ലാവ് ഒഴിപ്പിച്ച് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന്‍ ബംഗ്ലാവ് അടിയന്തരമായി ഒഴിഞ്ഞു കൊടുക്കണമെന്നാണ് ആവശ്യം. 2024 നവംബര്‍ 10നാണ് ഡി വൈ ചന്ദ്രചൂഡ് വിരമിച്ചത്. നിലവിലെ ചീഫ് ജസ്റ്റിസിനാണ് ഔദ്യോഗിക ബംഗ്ലാവില്‍ താമസിക്കാന്‍ അര്‍ഹതയുള്ളത്. വിരമിച്ച് ആറ് മാസം വരെ വാടകയില്ലാതെ സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിക്കാം. ചന്ദ്രചൂഡ് വിരമിച്ചതിന് ശേഷം വന്ന മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും കൃഷ്ണമേനോന്‍ ബംഗ്ലാവിലേയ്ക്ക് താമസം മാറുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ചന്ദ്രചൂഡ് ഔദ്യോഗിക വസതിയില്‍ താമസിച്ചത്. ഇരുവരോടും ചന്ദ്രചൂഡ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. 2025 മെയ് 31 ന് ഡിവൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയേണ്ടതാണ്. ആറ് മാസത്തെ കാലാവധി അവസാനിച്ചെന്നും മന്ത്രാലയ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. വാടകയ്ക്ക് ഒരു ബദല്‍ താമസ സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും അറ്റകുറ്റപ്പണികളും നവീകരണവും പൂര്‍ത്തിയാകുന്നതുവരെ താന്‍ കാത്തിരിക്കുകയാണെന്നും ചന്ദ്രചൂഡ് പറയുന്നു. മെയ് 31 വരെ തുടരാന്‍ അനുവദിക്കണമെന്ന് വാക്കാല്‍ അഭ്യര്‍ഥിച്ചിരുന്നു. ഈ സമയപരിധിയും അവസാനിച്ചതോടെയാണ് സുപ്രീംകോടതി കത്തെഴുതിയത്.
