ഷിംല: ഹിമാചൽ പ്രദേശിൽ കാലവർഷക്കെടുതിയിൽ ഇതുവരെ 78 പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 50 പേർ മിന്നൽ പ്രളയം, മണ്ണടിച്ചിൽ, മേഘ വിസ്ഫോടനം എന്നിവയിലാണ് മരിച്ചത്. 28 പേർ കനത്ത മഴയെ തുടർന്നുണ്ടായ വാഹനാപകടങ്ങളിലും മരിച്ചു. 30ലധികം പേരെ കാണാതായി. സംസ്ഥാനത്ത് ജൂൺ 20ന് ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്.
269 റോഡുകളും 285 വൈദ്യുത ട്രാൻസ്ഫോമറുകളും തകർന്നു. 279 ജല വിതരണ പദ്ധതികളെയും ഇതു ബാധിച്ചു. സംസ്ഥാനത്തൊട്ടാകെ 57 കോടി രൂപയുടെ നാശ നഷ്ടങ്ങളാണുണ്ടായത്. പ്രതികൂല കാലാവസ്ഥയിലും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നും കനത്ത മഴ തുടരുമെന്ന് വ്യക്തമാക്കിയ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒട്ടേറെ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
