തിരുവനന്തപുരം: സെൻസർബോർഡ് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി ഇന്ന് കാണും. രാവിലെ 10ന് എറണാകുളം ലാൽ മീഡിയയിലാണ് ജസ്റ്റിസ് എൻ. നരേഷ് സിനിമ കാണുക. സിനിമ കണ്ടതിനു ശേഷം പ്രദർശനം തടഞ്ഞ നടപടിക്കെതിരെ നിർമാതാക്കൾ നൽകിയ ഹർജിയിൽ ബുധനാഴ്ച കോടതി അന്തിമ തീരുമാനം എടുക്കും.സെൻസർ ബോർഡ് പ്രതിനിധികളും പ്രദർശനത്തിനെത്തും. ജാനകിയെന്ന പേര് തലക്കെട്ടിലും കഥാപാത്രത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോയെന്നാകും കോടതി പരിശോധിക്കുക. നേരത്തേ ജാനകിയെന്ന പേരു മാറ്റാൻ ആവശ്യപ്പെട്ടതിനു കൃത്യമായ കാരണം വിശദീകരിക്കണമെന്ന് കോടതി സെൻസർബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ജാനകിയെന്ന പേര് ഒരു പ്രത്യേക മത വിഭാഗത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നായിരുന്നു സെൻസർ ബോർഡിന്റെ മറുപടി. ഇതോടെ സിനിമ ചട്ടത്തിലെ ഏതു വ്യവസ്ഥയാണ് വിലക്കിന് കാരണമാകുന്നതെന്ന് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന കോർട്ട് റൂം ത്രില്ലറാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൽ അഭിഭാഷകനായാണ് സുരേഷ് ഗോപി എത്തുക.
