ചെന്നൈ : തമിഴ്നാട്ടിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സ്ത്രീധന പീഡന മരണം. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ സ്വദേശിയായ ജമലയെയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 6 മാസങ്ങൾക്കു മുൻപാണ് ജമലയും നിതിൻ രാജും വിവാഹിതരാകുന്നത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. 7 ലക്ഷം രൂപയും 50 പവൻ സ്വർണവും സ്ത്രീധനം നൽകിയിരുന്നതായി ജമലയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു. പിന്നീട് ഭർത്താവും വീട്ടുകാരും ആവശ്യപ്പെട്ടതനുസരിച്ച് 5 ലക്ഷം രൂപ കൂടി നൽകി. എന്നാൽ നിതിന്റെ വീട്ടുകാർ വീണ്ടും പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു.
ജമലയുടെ മൃതദേഹം ഏറ്റെടുക്കാൻ തയാറാകാതെ ബന്ധുക്കൾ പ്രതിഷേധിക്കുന്നതായാണ് വിവരം. നിതിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ യുവതിക്കാണ് സമാനമായി ജീവൻ നഷ്ടമാകുന്നത്.
ജൂൺ 29ന് തിരുപ്പൂർ സ്വദേശി റിധന്യ(27) കീടനാശിനി ഗുളികകൾ കഴിച്ച് ജീവനൊടുക്കിയിരുന്നു. 100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകിയിട്ടും സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഭർതൃവീട്ടുകാർ പീഡിപ്പിച്ചതോടെയായിരുന്നു ഇത്.
പിന്നാലെ ചെന്നൈ സ്വദേശിയായ ലോകേശ്വരിയും ജീവനൊടുക്കി. ഒരു പവൻ സ്വർണം കുറഞ്ഞതിന്റെ പേരിൽ ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് വിവാഹം കഴിഞ്ഞ് നാലാം നാളായിരുന്നു അന്ത്യം. ഇതു സ്ത്രീധനത്തെ ചൊല്ലി സംസ്ഥാനത്ത് വ്യാപക ചർച്ചകൾക്കു വഴിവച്ചതിനിടെയാണ് വീണ്ടും സമാന സംഭവം നടക്കുന്നത്.
