ചെന്നൈ: 2026ലെ തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് യെ തമിഴ്‌നാട് വെട്രി കഴകത്തിന്റെ (ടിവികെ) മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പ്രഖ്യാപനം. എഐഎഡിഎംകെയുമായി സഖ്യത്തിനില്ലെന്ന് യോഗത്തില്‍ വിജയ് വ്യക്തമാക്കി. ഡിഎംകെയെയും ബിജെപിയെയും തിരഞ്ഞെടുപ്പില്‍ നേരിടും. ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയാണെന്നും കുറ്റപ്പെടുത്തി. ബിജെപിയോടൊപ്പം ചേരാന്‍ ഇതു ഡിഎംകെയോ എഐഎഡിഎംകെയോ അല്ലെന്നും ടിവികെ ആണെന്നും വിജയ് പറഞ്ഞു. ഓഗസ്റ്റില്‍ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കും. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ വിജയ് സംസ്ഥാന പര്യടനവും നടത്തും. 2024 ഫെബ്രുവരി 2നാണ് വിജയ് ടിവികെ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. അന്നു മുതല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി വോട്ടര്‍മാരുടെ മനസറിയാന്‍ ഒട്ടേറെ സര്‍വേകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
