ന്യൂഡൽഹി: ജനരോഷം ശക്തമായതോടെ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നത് വിലക്കിയ ഉത്തരവ് ഡൽഹി സർക്കാർ പിൻവലിച്ചു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകരുതെന്ന ഉത്തരവ് ജൂലൈ 1 മുതലാണ് നടപ്പിൽ വന്നത്. വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.
എന്നാൽ ഉത്തരവ് നടപ്പിലാക്കാൻ സാങ്കേതികമായ വെല്ലുവിളികളുണ്ടെന്നും പിൻവലിക്കുന്നതായും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു. ഇതിനു പകരമായി മോശം അവസ്ഥയിലുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെ ബദൽ നടപടികൾ പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നേരത്തേ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന് പമ്പുടമകൾക്ക് നിർദേശം നൽകിയിരുന്നു. ഡൽഹിയിലെ 62 ലക്ഷത്തോളം വാഹനങ്ങളെ ബാധിക്കുന്ന നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
