കൊച്ചി: സുരേഷ് ഗോപി നായകനായ ‘ജെ എസ് കെ – ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ഹര്‍ജിയില്‍ ഒടുവില്‍ സിനിമ കാണാന്‍ തീരുമാനിച്ച് ഹൈക്കോടതി.
ശനിയാഴ്ച രാവിലെ പത്തുമണിക്കാണ് ജസ്റ്റിസ് എന്‍. നഗരേഷ് സിനിമ കാണുക. സിനിമ കാണേണ്ടതില്ലെന്ന മുന്‍ തീരുമാനം ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റീസ് എന്‍. നഗരേഷ് മാറ്റി. സിനിമ കണ്ടിട്ട് ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി. നിര്‍മ്മാതാക്കളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. സിനിമ കോടതിയില്‍ കാണാമെന്ന് ജഡ്ജി നിര്‍ദേശിച്ചെങ്കിലും കോടതിയില്‍ സാങ്കേതിക സൗകര്യം ഇല്ലെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ വക്കീലും സിനിമ കാണും. സ്ത്രീക്കെതിരായ അതിക്രമമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ പേരിലും സംഭാഷണങ്ങളിലും അതിജീവിതയുടെ പേര് പറയുന്നുണ്ടെന്നും ഇത് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം. സിനിമയക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ നിര്‍മാതാവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
