കാസര്‍കോട്: കൂഡ്‌ലു, ചൂരിയിലെ സലഫി മസ്ജിദില്‍ വന്‍ കവര്‍ച്ച. ഓഫീസിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 3,10,000 രൂപയും രണ്ടു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടു. ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍.ഡി.നഗര്‍, ചൂരിയിലെ അബ്ദുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുഹമ്മദ് മഷൂദിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂണ്‍ 24ന് രാവിലെ എട്ടിനും 8.30നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പ്ലാസ്റ്റിക് പാത്രത്തിലാക്കിയാണ് പണവും സ്വര്‍ണ്ണവും സൂക്ഷിച്ചിരുന്നത്. മേശ വലിപ്പ് പൊളിച്ചാണ് മോഷണം നടത്തിയത്.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മച്ചംപാടി, സിഎം നഗറിലെ വീട്ടിലും കവര്‍ച്ച നടന്നു. പുച്ചത്തുബയല്‍, അടുക്കയിലെ ഇബ്രാഹിം ഖലീലിന്റെ വീട്ടില്‍ ജൂണ്‍ 30ന് രാത്രി 12 മണിയോടെയാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. സിസിടിവി, വൈഫെ ക്യാമറയും ഡി.വി.ആറും മോഷണം പോയതായി പരാതിയില്‍ പറഞ്ഞു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
