ഇപി ജയരാജന്റെ ആത്മകഥാ കേസില്‍ ഒരാള്‍ മാത്രം പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദ കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് കോട്ടയം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡിസി ബുക്ക്സ് മുന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ മാത്രം കേസില്‍ പ്രതിചേര്‍ത്താണ് കുറ്റപത്രം. വ്യാജ രേഖ ചമയ്ക്കല്‍, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം. കേസെടുത്ത് ആറുമാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ പിയുടെ ആത്മകഥാ ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. എന്നാല്‍ ഇത് തന്റെ ആത്മകഥയല്ലെന്ന് ഇ പി പരസ്യ നിലപാടെടുത്തതോടെ സംഭവം വിവാദമായി. പുസ്തകത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി. ഇ പിയുടെ പരാതിയില്‍ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തില്‍ ആത്മകഥാ ഭാഗം ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്നാണെന്ന് കണ്ടെത്തി. ഡിസി ബുക്‌സിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാര്‍ ആത്മകഥാഭാഗങ്ങള്‍ ചോര്‍ത്തിയെന്നാണ് ഡിജിപിക്ക് നല്‍കിയ പൊലീസ് റിപ്പോര്‍ട്ട്. ഇ പി ജയരാജനും ഡി സി ബുക്‌സും തമ്മില്‍ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ രേഖാമൂലമുള്ള കരാര്‍ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page