കാസര്‍കോട്: ഇരുപത്തി രണ്ടേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണം കൈപ്പറ്റി തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ ജ്വല്ലറി ഉടമയ്ക്കും ജീവനക്കാര്‍ക്കും എതിരെ കോടതി നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്, നെല്ലിക്കാട്, ഗ്രീഷ്മ വിഹാറിലെ സി കെ മോഹനന്റെ പരാതിയിലാണ് കേസ്. ഉപ്പളയിലെ സ്വിസ് ഗോള്‍ഡ് പ്രൊപ്പറേറ്റര്‍ പൈവളിഗെ, അല്‍ അമീന്‍ കോട്ടേജിലെ അബ്ദുല്‍ ഖാദര്‍ ജ്വല്ലറിയിലെ സെയില്‍സ് മാനേജര്‍ ഹര്‍ഷാദ്, മാനേജര്‍ റഫീഖ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (2)യുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്തത്.
2021 മാര്‍ച്ച് മാസത്തില്‍ സ്വര്‍ണ്ണമോ തത്തുല്യമായ തുകയോ തിരികെ തരാമെന്ന വ്യവസ്ഥയില്‍ 2020 ജൂലായ് മാസത്തില്‍ സ്വര്‍ണ്ണം വാങ്ങിയെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
