കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16 കാരിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടി ഗര്‍ഭിണിയാണ്. സംഭവത്തില്‍ മുഹമ്മദ് ഷനോജ് എന്ന ആള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് പീഡന സംഭവം പുറത്തറിഞ്ഞത്.
മറ്റൊരു പരാതിയില്‍ പോക്‌സോ, ബലാത്സംഗം എന്നീ കേസുകളില്‍ പ്രതിയായ യുവാവിനെ ബദിയഡുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. ഉള്ളോടിയിലെ ശശിധരന്‍ (38) ആണ് കസ്റ്റഡിയിലായത്. 25 കാരിയായ യുവതിയുടെ പരാതി പ്രകാരമാണ് പൊലീസ് നടപടി. പെണ്‍കുട്ടിക്ക് 16 വയസ്സ് പ്രായമുള്ളപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഇതിനാണ് പോക്‌സോ കേസെടുത്തത്.
ഇപ്പോള്‍ 25 വയസ്സുള്ള പരാതിക്കാരിയെ 18 വയസ് കഴിഞ്ഞതിനു ശേഷം പീഡിപ്പിച്ചുവെന്നതിനും ബലാത്സംഗത്തിനുമാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനത്തില്‍ നിന്നു യുവാവ് പിന്മാറിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
