കാസര്‍കോട്: ഉദുമ, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തെ പച്ചക്കറി വ്യാപാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ചൊവ്വാഴ്ച രാവിലെ പതിവുപോലെ കട തുറക്കാനായി ഉദുമയിലെ വീട്ടില്‍ നിന്നും പോയതായിരുന്നു.
കടതുറന്നതിനു ശേഷമാണ് സന്തോഷ് കുമാറിനെ കാണാതായത്. ജീവനക്കാരി എത്തുമ്പോള്‍ കടതുറന്നുവച്ച നിലയിലായിരുന്നു. സന്തോഷ് കുമാറിനെ കടയില്‍ കാണാത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് മേല്‍പ്പറമ്പ് പൊലീസ് കടയില്‍ എത്തി പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. സന്തോഷ് കുമാറിനെ കണ്ടു കിട്ടുന്നവര്‍ വിവരം അറിയിക്കണമെന്ന് മേല്‍പറമ്പ് പൊലീസ് അറിയിച്ചു.
