ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 പേരുടെ മരണത്തിനിടയാക്കിയ ആൾക്കൂട്ട ദുരന്തത്തിന് ഉത്തരവാദി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. ആർസിബി മാനേജ്മെന്റ് തിടുക്കപ്പെട്ട് പരിപാടി സംഘടിപ്പിച്ചതാണ് ദുരന്തത്തിനു ഇടയാക്കിയത്. പൊലീസ് അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ പെട്ടെന്നുള്ള ടീമിന്റെ പോസ്റ്റ് കണ്ടാണ് 5 ലക്ഷത്തോളം പേർ സ്റ്റേഡിയത്തിൽ എത്താനും അപകടത്തിനും കാരണമായത്. അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു പൊലീസ് മേധാവി ഉൾപ്പെടെ 4 പേരെ സസ്പെൻഡ് ചെയ്ത നടപടിയും ട്രിബ്യൂണൽ റദ്ദാക്കി. പൊലീസിനു തയാറെടുപ്പിനു ആവശ്യമായ സമയം ലഭിച്ചില്ല. ആർസിബിയാണ് പ്രശ്നങ്ങളുണ്ടാക്കിയത്. ചെറിയ സമയം കൊണ്ട് ഇത്രയും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ലെന്നും കോടതി നിരീക്ഷിച്ചു. ജൂൺ 4നാണ് ആർസിബി ഐപിഎൽ ചാംപ്യൻമാരായതിന്റെ ആഘോഷങ്ങൾക്കിടെ ദുരന്തമുണ്ടായത്.
