കാസര്‍കോട്: കുമ്പള ദേശീയപാതയില്‍ ഡിവൈഡര്‍ നിര്‍മ്മാണത്തിനായി സ്ഥാപിച്ച ഇരുമ്പു കമ്പികള്‍ ദേഹത്തേയ്ക്ക് തുളച്ചുകയറി കാര്‍ യാത്രക്കാരായ മൂന്നു യുവാക്കള്‍ക്ക് പരിക്ക്. ബേക്കല്‍, മൗവ്വല്‍ സ്വദേശികളായ ഫഹദ്, ഷബീബ്, അമീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫഹദ് നാലു ദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയത്.
ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെ കുമ്പള ടൗണിനു സമീപത്താണ് അപകടം. കാറില്‍ മംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്നു മൗവ്വല്‍ സ്വദേശികള്‍. കുമ്പളയില്‍ എത്തിയപ്പോള്‍ ഡിവൈഡര്‍ കോണ്‍ക്രീറ്റ് ചെയ്യാനായി സ്ഥാപിച്ച ഇരുമ്പു കമ്പികളില്‍ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നു പറയുന്നു. കാര്‍ ഓടിച്ചിരുന്ന ഷബീബിന്റെ കൈയില്‍ തുളച്ചുകയറിയ കമ്പി വലിച്ചൂരിയെടുക്കുകയായിരുന്നു. ഫഹദിന്റെ കാലിന്റെ എല്ല് ഒടിഞ്ഞ നിലയിലാണ്. അമീന്റെ പരിക്ക് നിസാരമാണ്. മൂന്നുപേരെയും കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷമാണ് മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. അപകടത്തില്‍ കാറിനു സാരമായ കേടുപാട് ഉണ്ടായി.
