ഏത്തടുക്ക ശ്രീ സദാശിവ ക്ഷേത്രം ചക്കഅപ്പം സമര്‍പ്പണം 28,29 തിയതികളില്‍

കാസര്‍കോട്: മഴക്കാലത്തു തൊഴിലും ഭക്ഷണവുമില്ലാതെ വിഷമിച്ചിരുന്ന ഒരു കാലം ദശാബ്ദങ്ങള്‍ക്കു മുമ്പ് നമ്മുടെ പൂര്‍വ്വികര്‍ അനുഭവിച്ചിരുന്നു.
ഏത്തടുക്കയിലും പരിസരങ്ങളിലുമുള്ളവര്‍ അന്നു ഏത്തടുക്ക ശ്രീ സദാശിവ ക്ഷേത്രത്തെ അഭയം പ്രാപിക്കുന്നതും പതിവായിരുന്നു. പ്രകൃതി കനിഞ്ഞു നല്‍കിയ ചക്ക ആയിരുന്നു അന്ന് ജനങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള ഏക ഉപാധി. ക്ഷേത്രം അധികാരികള്‍ അവരുടെ പറമ്പിലുള്ള ചക്കകളും വിശ്വാസികള്‍ അവരുടെ പറമ്പിലെ പ്ലാവുകളില്‍ നിന്നുള്ള ചക്കയും കൊണ്ടുവന്നു പരമശിവനു സമര്‍പ്പിക്കുകയും പിന്നീട് അതു പാകം ചെയ്തു പ്രസാദമായി ഭക്തജനങ്ങളും നാട്ടുകാരും ഭക്ഷിക്കുകയുമായിരുന്നു മഴക്കാലത്തെ പതിവ്.
ഇപ്പോള്‍ കാലം മാറുകയും ഏതു മഴക്കാലത്തും മഴയെ അതിജീവിക്കാനുള്ള നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്‌തെങ്കിലും ഏത്തടുക്ക നിവാസികളുടെ പൂര്‍വ്വികര്‍ ദശാബ്ദങ്ങള്‍ക്കു മുമ്പു അനുഭവിച്ച വിഷമവും കഷ്ടപ്പാടും ദൈവ കൃപ കൊണ്ട് അതിനെ അതിജീവിച്ച അനുഭവവും അനുസ്മരിക്കുന്നു. അന്നു മുതല്‍ മഴക്കാലത്ത് എല്ലാ വര്‍ഷവും മഴ സീസണില്‍ ചക്കപ്പഴം കൊണ്ടുള്ള അപ്പസേവ ശിവാര്‍പ്പണം നടത്തുന്നു.
എല്ലാ വീടുകളില്‍ നിന്നു ഓരോ ചക്കപ്പഴം ശ്രീ സഭാ ശിവക്ഷേത്ര സന്നിധിയിലെത്തിക്കും. അതുപയോഗിച്ചു അപ്പമുണ്ടാക്കി മഹാപൂജക്കു ശേഷം ഭക്തര്‍ക്കു വിതരണം ചെയ്യും.
ഈ വര്‍ഷം ജൂണ്‍ 29നാണ് ഏത്തടുക്ക ശ്രീ സദാശിവ ക്ഷേത്രത്തിലെ ചക്കപ്പഴം കൊണ്ടുള്ള അപ്പസേവാ ശിവാര്‍പ്പണം.
28നു രാവിലെ ചക്കപ്പഴം എല്ലാ വീടുകളില്‍ നിന്നും ക്ഷേത്രത്തിലെത്തിക്കും. 29നു ക്ഷേത്രത്തില്‍ ലഭ്യമാവുന്ന ചക്കപ്പഴം ഉപയോഗിച്ചു ചക്കപ്പഴ അപ്പം ഉണ്ടാക്കും. ഓരോ വീട്ടില്‍ നിന്നു രണ്ടു പേരെങ്കിലും ചക്കപ്പഴമുണ്ടാക്കാന്‍ ക്ഷേത്രത്തിലെത്തണമെന്നതാണ് ദശാബ്ദങ്ങളായി നില നില്‍ക്കുന്ന കീഴ് വഴക്കം. 29ന് 12 മണിക്കാണ് മഹാപൂജ. തുടര്‍ന്ന് അപ്പം ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യും.
മുഴുവന്‍ നാട്ടുകാരും ചടങ്ങില്‍ പങ്കാളികളാകണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sooraj

Very interesting 👌 👍

RELATED NEWS

You cannot copy content of this page