എറണാകുളം: ബെംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് എറണാകുളത്തെ ഹോസ്റ്റലുകളിൽ വിതരണം ചെയ്തിരുന്ന 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിയായ അശ്വിൻ, കോട്ടയം സ്വദേശിയായ അക്ബർ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. 106 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പാലാരിവട്ടം സൗത്ത് ജനത റോഡ് പരിസരത്തു നിന്നാണ് ഇവർ പിടിയിലായത്. എംഡിഎംഎ പോക്കറ്റിലും ഷോൾഡർ ബാഗിലുമാണ് ഒളിപ്പിച്ചിരുന്നത്. ബെംഗളൂരുവിലെ മൊത്തകച്ചവടക്കാരിൽ നിന്നു ലഹരി വാങ്ങി കലൂർ, പാലാരിവട്ടം ഭാഗങ്ങളിൽ യുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപന നടത്തുകയാണ് ഇവർ ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു.
