പാലക്കാട്: ചാലിശേരിയിൽ പെൺസുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചതിനു യുവാവിനെ ക്രൂരമായി മർദിച്ച 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചാലിശേരി കപ്പൂരാണ് സംഭവം. വട്ടക്കുന്ന് കോളനിയിലെ കള്ളിത്തൊടി വീട്ടിൽ സംഗീത്(42), കിഴക്കേകാട്ടിൽ വീട്ടിൽ ശിവൻ (47) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം യുവതിയെ വട്ടേക്കുന്നിലെ വീട്ടിൽ കൊണ്ടുവന്നിറക്കിയതു കണ്ട പ്രതികൾ യുവാവിനെ ചോദ്യം ചെയ്തു. തുടർന്ന് ക്രൂരമായി മർദിച്ചു. ശരീരമാസകലം പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. യുവാവിന്റെ വാരിയെല്ലിന് ക്ഷതമേറ്റെന്നാണ് വിവരം. ചാലിശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തേ കണ്ണൂർ കായലോടിൽ റസീനയെന്ന യുവതിയുടെ ആത്മഹത്യക്ക് കാരണം സദാചാര ഗുണ്ടായിസമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു.
