തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ കോർട്ട് റൂം ത്രില്ലർ സിനിമ ജാനകി Vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു. സിനിമയുടെ തലക്കെട്ടിൽ നിന്നും കഥാപാത്രത്തിൽ നിന്നും ജാനകിയെന്ന പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നടപടി. ജൂൺ 27ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് സെൻസർ ബോർഡിന്റെ ഇടപെടൽ. എന്നാൽ പേരു മാറ്റാനാകില്ലെന്ന് നിർമാതാക്കൾ അറിയിച്ചു. ഇതോടെ 27ന് സിനിമ റിലീസ് ചെയ്യാനായേക്കില്ലെന്ന് സംവിധായകൻ പ്രവീൺ നാരായണൻ പ്രതികരിച്ചു. നേരത്തേ സിനിമയുടെ സെൻസർ സർട്ടിഫിക്കേഷൻ പൂർത്തിയായിരുന്നു. ചിത്രത്തിന് യു/എ 13 + റേറ്റിങ്ങാണ് ലഭിച്ചിരുന്നത്.2023 നവംബറിൽ പുറത്തിറങ്ങിയ ഗരുഡന് ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിന്റെ റിലീസാണ് അനിശ്ചിതത്വത്തിലായത്. പ്രേമം സിനിമയിലൂടെ ശ്രദ്ധേയയായ അനുപമ പരമേശ്വരനും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ, അസ്കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

 
								






