കാസര്‍കോട്: ഷൂസ് ധരിച്ച് ക്ലാസില്‍ എത്തിയ പ്ലസ്വണ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ബെഞ്ച് ദേഹത്തിട്ട് ഗുരുതരമായി പരിക്കേല്‍പ്പിച്ചതായും പരാതി. പ്ലസ്വണ് കൊമേഴ്സ് വിദ്യാര്‍ത്ഥി നല്കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ ആദൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലാണ് കേസിനാസ്പദമായ സംഭവം. ഷൂസ് ധരിച്ച് ക്ലാസിന് എത്തിയ പ്ലസ്വണ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികളായ അഞ്ചു പേര് തടഞ്ഞു നിര്‍ത്തി അശ്ലീലം പറഞ്ഞു തുടങ്ങിയതോടെയാണ് സംഭവത്തിന്റെ തുടക്കം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈകൊണ്ട് അടിക്കുകയും തള്ളി വീഴ്ത്തുകയും ചെയ്തു. പ്ലസ്വണ് വിദ്യാര്‍ത്ഥി നിലത്തു വീണതോടെ ബെഞ്ച് എടുത്തു ദേഹത്തിടുകയും കൈയില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലും സമാനരീതിയിലുള്ള സംഭവം ഉണ്ടായി. ടീ ഷര്‍ട്ട് ധരിച്ച് ക്ലാസിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ ബേഡകം പൊലീസ് എട്ടു പേര്‍ക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനു റിപ്പോര്‍ട്ട് നല്കി.
