കോഴിക്കോട്: പയ്യോളിയിൽ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിന്റെ ഖബർ തുറന്ന് പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് കണ്ടെത്തൽ. ഊളുവയൽ മുഹമ്മദിന്റെ (58) മരണം സംബന്ധിച്ചാണ് നടപടി. ഹൃദയാഘാതമാണ് മുഹമ്മദിന്റെ മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം 26നാണ് പയ്യോളി അങ്ങാടി സ്വദേശി മുഹമ്മദിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. മുഹമ്മദിന്റെ മൃതദേഹം ചെരിച്ചിൽ പള്ളിയിൽ ഖബറടക്കി. 27 വർഷമായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു മുഹമ്മദ്. മരണത്തിനു പിന്നാലെ മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു പണം പിൻവലിച്ചിരുന്നു. ഇതിൽ സംശയം തോന്നിയാണ് മകൻ മുഫീദ് പരാതി നൽകിയത്. എന്നാൽ മൃതദേഹം സംസ്കരിക്കുന്നതിനും മരണാനന്തര ചടങ്ങുകൾക്കുമുള്ള ചെലവുകൾക്കാണ് പണം പിൻവലിച്ചതെന്നും ബാക്കി പണം ബാങ്ക് അക്കൗണ്ടിലുണ്ടെന്നും ബന്ധുക്കൾ വിശദീകരിച്ചിരുന്നു. വടകര ആർഡിഒ അൻവർ സാദത്തിന്റെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൾ നടത്തിയത്.
