കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഇസ്വ പര്‍ദ്ദ ഷോപ്പില്‍ വന്‍ തീപിടിത്തം. മൂന്നു തയ്യല്‍ മെഷീനുകളും നൂറു കണക്കിനു പര്‍ദ്ദകളും തുണികളും അനുബന്ധ സാമഗ്രികളും പൂര്‍ണ്ണമായി കത്തി നശിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് തീപിടിത്ത വിവരം അറിഞ്ഞത്. ഉടന്‍ തന്നെ കാസര്‍കോട് ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ ഹര്‍ഷയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതെ വന്നതോടെ ഉപ്പള, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ ഫയര്‍ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. ചെര്‍ക്കളയിലെ പി നിസാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇസ്വ പര്‍ദ്ദ ഷോപ്പ്. അപകട കാരണം വ്യക്തമായിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
