ഇടുക്കി: കുടുംബ വഴക്കിനിടെ മദ്യലഹരിയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ ഭാര്യ മരിച്ചു. മാങ്കുളം താളുംകണ്ടം ട്രൈബൽ സെന്റിൽമെന്റിലെ മിനി(39) ആണ്ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്. ഭർത്താവ് രഘുതങ്കച്ചനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
മക്കളില്ലാത്തതിനാൽ ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ മദ്യലഹരിയിലെത്തിയ രഘു ഭാര്യയുമായി വഴക്ക് ഉണ്ടാക്കുകയും വീട്ടിലിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് തീ അണച്ച ശേഷം ആശുപത്രിയിൽ എത്തിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മിനി ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. രഘുവിനെ ദേവികുളം കോടതി റിമാൻഡ് ചെയ്തു.
